നോട്ട്ർ ഡാം ഡെ പാരിസ് - The Hunchback of Notre Dame - A book review (Malayalam)
ഈ അടുത്ത കാലത്തൊന്നും മനസ്സിനെ ഇത്രയും ആട്ടിയുലച്ച ഒരു സംഭവം ഉണ്ടായിട്ടില്ല! അഗ്നിയെ എനിക്കെന്നും ഭയവും ബഹുമാനവും ആണ്. ഇന്നൊരിക്കൽ കൂടി അഗ്നി കാണിച്ചു തന്നിരിക്കുന്നു, എല്ലാം ക്ഷണികം. എല്ലാം പ്രകൃതിയുടെ വികൃതി; അതോ മനുഷ്യന്റെയോ?
നോട്ട്ർ ഡാം. അവളെന്റെ കൂട്ടുകാരി ആണ്. തമ്മില്‍ കാണാതെയും സംസാരിക്കാതെയും ഉറ്റ ചങ്ങാതിമാര്‍ ആയിരിക്കുന്ന സുഹൃത്തുക്കള്‍ ഇല്ലേ? അത് പോലൊരു സൗഹൃദം. 'ആണ്' എന്നു പറയാന്‍ കാര്യം.. നേരില്‍ കണ്ടിട്ടില്ലാത്ത എനിക്ക് അവൾ അന്നും, ഇന്നും, എന്നും ഒരുപോലെയാണ്. ശിരസ്സിലെ മകുടം ഇന്ന് ഇല്ലെങ്കിലും ഞാൻ അത് കണക്കാക്കുന്നില്ല. എന്തെന്നാല്‍, എന്റെ മനസ്സില്‍ ആരോ വരച്ചിട്ടിരിക്കുന്ന രേഖാചിത്രത്തിൽ അവള്‍ക്ക് എന്നും ഒരു രൂപമാണ്. അതേ സുന്ദരമായ രൂപം. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അറിയാം എനിക്കവളെ. കുട്ടിക്കാലത്ത് അച്ഛൻ പറഞ്ഞ് തന്ന ഹഞ്ച്ബാക്കി൯റ്റെ കഥയിലൂടെയും, പിന്നീട് കോളേജിൽ ഹിസ്റ്ററി ഓഫ് ആർകിടെക്ച്ചർ പ്രൊഫസർ കാണിച്ചു തന്ന അദ്ഭുതകരമായ ദൃശ്യങ്ങളിലൂടെയും, ഹ്യൂഗോയുടെ വാക്കുകളുടെ എന്നോ വായ്ച്ച അബറിട്ജ്ട് ട്രാൻസലേഷണിലൂടെയും, ക്വാസിമോടോയുടെ പ്രണയത്തിലൂടെയും, എസമെരാൾഡയുടെ ലാസ്യത്തിലൂടെയും.
നോട്ട്ർ ഡാം, അതൊരു പ്രതീകം ആയിരുന്നു. പലതിന്റെയും. സ്റ്റെയി൯ട് ഗ്ലാസ്സും റോസ് വി൯ടോയും ഫ്ളയിങ് ബട്ട്രസ്സുകളും കൊണ്ട്, എനിക്കേറ്റവും പ്രിയപ്പെട്ട ഗോത്തിക് ആ൪ക്കിട്ടെക്ച്ച൪ എന്തെന്ന് എനിക്ക് പറഞ്ഞു തന്ന അമൂല്യ നിധി. സ്പയർ കത്തി നിലക്കുന്ന കാതേട്രാലിനെ പറ്റി വായ്ക്കണം എന്നു തോന്നി. അങ്ങിനെ ആണ് ഈ പുസ്തകം കൈയിൽ എടുത്തത്. എന്തുകൊണ്ടും നല്ല തീരുമാനം. ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ കൊണ്ടുവരാൻ സാധിച്ചില്ലെങ്കിലും ക്യാംപസിലെ ലൈബ്രറിയിൽ പോയി ആദ്യ ദിവസം തന്നെ സാധനം കൈക്കലാക്കി. ഞാൻ കണ്ടിട്ടുള്ളത്ര ബാത്ത് സിറ്റിയുടെ മനോഹാര്യത അവളും കണ്ടിരിക്കണം. ഹൂഗോയുടെ സ്വന്തം വാക്കുകളിൽ വായ്ക്കാൻ കഴിയുന്നവരോട് അസൂയ തോന്നുന്നു. ട്രാൻസലേഷൻ ആണെങ്കിലും ആർകിടെക്ച്ചർ ഇത്ര ഭങ്ങിയോടെ എഴുതി ഇതിന് മുമ്പ് കണ്ടിട്ടില്ല. ആ റോസ് വി൯ടോയിലൂടെ സൂര്യാസ്തമനത്തെ വർണിച്ചത് വായ്ച്ചപ്പോൾ പാരീസിൽ ഒരു സന്ധ്യ ചിലവഴിച്ച പോലെ തോന്നി.
പൊതുവേ ഒരു പുസ്തകം വായ്ച്ചു കൊറേ നാള് കഴിഞ്ഞാൽ എനിക്ക് വാചകങ്ങളോ, ചിലപ്പോഴൊക്കെ കഥ തന്നെയോ ഓര്മ നിൽക്കാറില്ല. ഇക്കാര്യത്തിലും എന്റെ മനസ്സിൽ ഉണ്ടായിരുന്നത് ക്വാസിമോടോയുടെയും എസ്മരാൾഡയുടെയും നോട്ട്ർ ഡാം കാതേട്രാലിന്റേയും ഒരു പ്രതിഛായ മാതം ആണ്. ആർച്ച്ഡീക്കൺ എന്നൊരു കഥാപാത്രം എന്റെ അറിവിലോ ഓർമയിലോ ഇല്ലായിരുന്നു. എന്നാൽ ഈ കഥയിലെ ഏറ്റവും ഭീകരം ആയ കഥാപാത്രം ഇതായിരുന്നു. ഒരേ സമയം ജിജ്ഞാസ ഉളവാക്കാനും അതേ പോലെ തന്നെ ബോറടിപ്പിക്കാനും അങ്ങേർക്ക് കഴിഞ്ഞു എന്നതാണ് സത്യം.
ഓരോ പുസ്തകവും ഓരോ കാലത്തിന്റെയും അന്നത്തെ സമൂഹത്തിന്റെയും പ്രതീകങ്ങൾ ആണ്. പുസ്തകങ്ങളെ സ്നേഹിക്കുന്നുവെങ്കിലും ഞാൻ ക്ലാസിക്സ് ഒരുപാട് ഇഷ്ടപ്പെടുന്ന ആളല്ല. കാരണം അവയിൽ പലതിലും എനിക്ക് സമാനുഭാവം അനുഭവപ്പെടാറില്ല. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്ലാസിക് ആണ് വുതെറിങ് ഹൈറ്റ്സ്. സമൂഹത്തിന്റെ സ്വഭാവത്തെ നല്ലവണ്ണം അത് പ്രതീകരിക്കുന്നു. അതിനു ശേഷം അങ്ങനെ തോന്നിപ്പിച്ച ഒരു ക്ലാസിക് ആണ് ഹഞ്ച്ബാക്ക് ഓഫ് നോട്ട്ർ ഡാം. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും മനുഷ്യന്റെ പിന്നോക്ക ചിന്താഗതികളുടെ വേരുകൾ പടർന്നു പന്തലിച്ചു കിടക്കുന്നു. സമൂഹത്തിന്റെ മുൻവിധിയോട് കൂടിയ പെരുമാറ്റത്തിൽ ഒരു മാറ്റവും ഇല്ല. മുൻധാരണ മൂലം സ്വന്തം മകളെ പോലും തിരിച്ചറിയാൻ ആവാതിരുന്ന ഒരമ്മയുടെ മാനസികാവസ്ഥയിൽ ഞാൻ കാണുന്നത് ഇന്നത്തെ അന്ധ സമൂഹത്തെ ആണ്.
ഭാവനയും ചിത്രീകരണവും എന്നും വായനയുടെ അവിഭാജ്യ ഘടകം ആയിരുന്നു. പക്ഷേ എന്തുകൊണ്ടോ ക്വാസിമോടോയുടെ രൂപം എത്രതന്നെ വായ്ച്ചിട്ടും മനസ്സിലായിട്ടില്ല. അത്രകണ്ട് വികൃതം എന്നൊന്നുണ്ടോ? സത്യത്തിൽ ഒന്നിനെയും വക വെയ്ക്കാത്ത, ജീവൻ നല്കിയ മണ്ണിനെ പോലും സ്നേഹിക്കാത്ത, സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി പ്രകൃതിയെ കൊല്ലാകൊല ചെയ്യുന്ന നമ്മുടെ മനസ്സല്ലെ വികൃതം? നമ്മൾ അല്ലേ സത്യത്തിൽ നോട്ട്ർ ഡാമിനെ നശിപ്പിച്ചത്? നമ്മൾ അല്ലേ സത്യത്തിൽ എസ്മെറാൾഡയെ മരിക്കാൻ വിധിച്ചത്?
മനുഷ്യനും പ്രകൃതിയും ഒന്നാണെന്ന് വിവരം ഉള്ളവര് പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ആണെങ്കില്, ഒരു പക്ഷേ ആ ദ്വന്ദ്വത്തിന്റെ പേരായിരിക്കാം ക്വാസിമോടോ. പ്രകൃതി അവന്റെ ലോലമായ മനസ്സും മനുഷ്യൻ അവന്റെ വികൃത രൂപവും ആവാം. ഒരു തരം മ്യൂട്ടേഷൻ.
Comments
Post a Comment